Friday, May 31, 2013


മരണത്തെ പുകച്ചെടുക്കുമ്പോള്‍

പുകയിലയുടെ മാരക  ദൂഷ്യഫലങ്ങളെപ്പറ്റി  ബോധവല്‍ക്കരിക്കുക, പുകയില ഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ലോകാരോഗ്യസംഘടന ഈ മാസം  31ന് ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.പുകയില ഉല്‍പന്നങ്ങളുടെ പ്രചാരണം ചെറുക്കുകയെന്ന ആഹ്വാനമാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്നത്. പുകയില ഉപയോഗം നമ്മുടെ നാടിനെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന അവസ്ഥയില്‍  ഉയരുന്ന പുകയില വിരുദ്ധ ദിന ചിന്തകള്‍





സിനിമയിലെ പുകവലി രംഗത്തിന്‍്റെ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നടി മൈഥിലിക്ക്  കോടതിയുടെ നല്ല നടപ്പ് ശിക്ഷ.കര്‍മ്മയോദ്ധ എന്ന ചിത്രത്തിലെ പുകവലി രംഗത്തില്‍ അഭിനയിച്ചതിന് മോഹന്‍ലാലിനെതിരെ കേസ്...ഈയടുത്ത കാലത്ത് ജനങ്ങളേറെ വായിച്ച വാര്‍ത്തകളാണിവ. പുകയിലയെന്ന ലഹരിയെ വരുതിയിലാക്കാന്‍ രാജ്യത്തെ നിയമവ്യവസ്ഥയുടെ ഒരു ചെറുവിരലനക്കം മാത്രമാണിത്.പൊതുസ്ഥലത്ത് പുകയിലയുടെ ഉപയോഗം നിരോധിച്ച  പുകയില നിയന്ത്രണ നിയമം ( കോറ്റ്പ ) ഉള്‍പ്പെടെ നിരവധി നിയമങ്ങളുണ്ടെങ്കിലും ഭീതിതമായ രീതിയില്‍ ഇവയുടെ  ഉപയോഗം വര്‍ധിക്കുകയാണ്. പുകയില ഉപയോഗത്തില്‍ ഇന്ത്യ ഇന്ന് രണ്ടാം സ്ഥാനത്താണ്. പ്രതിവര്‍ഷം ഒന്‍പത് ലക്ഷം പേര്‍ പുകയില ഉപയോഗത്തത്തെുടര്‍ന്ന് രാജ്യത്ത് മരിക്കുന്നു. 2011-12 വര്‍ത്തെ അപേക്ഷിച്ച്  രാജ്യത്ത് പുകയില ഉപയോഗത്തില്‍ 4. 19 ശതമാനം വര്‍ധനവുണ്ടായി. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഏതെങ്കിലും അസുഖം ബാധിച്ച് എട്ടുപേര്‍ മരിക്കുകയാണെങ്കില്‍ അതിലൊന്നില്‍ പുകയില ഹേതുവായിരിക്കും. കേരളത്തില്‍ പുകയില ഉപയോഗിക്കുന്ന  21.4 ശതമാനം യുവാക്കളില്‍ 35.5 പേര്‍ പുരുഷന്‍മാരും 8.5 ശതമാനം സ്ത്രീകളുമുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 
കാന്‍സര്‍ രോഗികളില്‍ 90 ശതമാനത്തിനും ശ്വാസകോശത്തിലും തൊണ്ടയിലും വായയിലുമാണ് രോഗം ബാധിക്കുന്നത്. പുകവലിയില്‍നിന്ന് പിന്മാറി പുകയില അടങ്ങിയ പാന്‍മസാലകള്‍ പോലുള്ളവയുടെ വര്‍ധിച്ചുവരുന്ന ഉപഭോഗമാണിതിനു കാരണം.ഇതത്തേടര്‍ന്ന് വായ, തൊണ്ട, അന്നനാളം എന്നിവിടങ്ങളിലുണ്ടാകുന്ന  അര്‍ബുദവും വര്‍ധിക്കുന്നു .13 നും 15 നും ഇടയിലെ വയസുകാരില്‍ 14 .6 ശതമാനം പേരും ഏതെങ്കിലും പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നാണ് പുതിയപഠനങ്ങള്‍ തെളിയിക്കുന്നത്. പൊതുസ്ഥലത്തെ പുകവലി നിരോധിക്കല്‍ , വിദ്യാലയങ്ങള്‍ക്കരികെയുള്ള പുകയില വില്‍പന തടയല്‍, പാന്‍മസാല നിരോധം എന്നീ നിയമങ്ങള്‍ പാസായീട്ടുണ്ടെങ്കിലും പുകയില ഉപയോഗത്തെ കടിഞ്ഞാണിടാനായീട്ടില്ളെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. റോഡരികില്‍ കൂണുപോലെ മുളച്ചുപൊന്തുന്ന ബോംബെ പാന്‍കടകളുടെ എണ്ണം നോക്കിയാല്‍ മതി, നിയമം പാലിക്കപ്പെടുന്നതിലെ അധികൃതരുടെ അലംഭാവം മനസിലാക്കാന്‍. പാന്‍, പാന്‍മസാലകള്‍, ഹുക്ക, ഗുഡ്ക്ക, ഖൈനി,മാവ തുടങ്ങീ പലരൂപത്തിലാണ് പുകയില ഇവരുടെ ചെറു കൗണ്ടറുകളില്‍ അവതരിക്കുന്നത്.




പേടിപ്പിക്കുന്ന കണക്ക്

2020 ആകുമ്പോള്‍ പ്രതിവര്‍ഷം 90 ലക്ഷം മനുഷ്യര്‍ പുകയിലജന്യരോഗങ്ങളാല്‍ മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. ലോകാരോഗ്യ സംഘടനകളുടെ  കണക്കനുസരിച്ച് ആഗോളതലത്തില്‍ പതിനൊന്ന് കോടിയിലധികം ജനങ്ങള്‍ പുകവലിക്കാരാണ്. ലോകത്ത് ഓരോ എട്ട് സെക്കന്‍ഡിലും പുകയില മൂലം ഒരാള്‍ മരിക്കുന്നു. കേരളത്തില്‍ നൂറുപേര്‍ അര്‍ബുദംമൂലം മരിക്കുമ്പോള്‍ അതില്‍ 30പേരുടെ രോഗകാരണം പുകവലിയാണ്.   28000 പേര്‍ പുകയില ഉപയോഗത്തത്തെുടര്‍ന്ന് മരണസമയത്തിനും നേരത്തെ മരണം പുല്‍കുന്നു.  അഞ്ച് കൗമാരക്കാരില്‍ ഒരാളെങ്കിലും കൗമാരത്തിലത്തെുന്നതിന് മുമ്പുതന്നെ അഥവാ 13 വയസാകുമ്പോള്‍ തന്നെ പുകവലിച്ചു തുടങ്ങുന്നുണ്ട്. ഓരോ വര്‍ഷവും ആശുപത്രിയിലത്തെുന്ന  35,000 കാന്‍സര്‍ രോഗബാധിതരിലേറെയും പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗത്തിന്‍െറ ഫലമാണ്. 
35 വയസിന് മുകളിലുള്ള പുരുഷന്‍മാരില്‍ 61 ശതമാനം പുരുഷന്മാരും 34 ശതമാനം സ്ത്രീകളും  പുകയിലക്ക് അടിമകളാണെന്ന് തിരുവനന്തപുരം കേന്ദ്രീകരിച്ച് ഈയിടെ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.തിരുവനന്തപുരത്തെ റീജനല്‍  കാന്‍സര്‍ സെന്‍ററില്‍ 2005ല്‍ പ്രവേശിപ്പിക്കപ്പെട്ട 4555 കാന്‍സര്‍ രോഗികള്‍ പുകയില ഉപയോഗത്തിന്‍െറ പേരില്‍ ചികിത്സ തേടിയതെങ്കില്‍ അത് 2009 ല്‍ 5730 ആയി ഉയര്‍ന്നു. 

നഷ്ടപ്പെടുത്തുന്നത് വരുമാനത്തിന്‍െറ 
ഒന്‍പതുശതമാനം 
കേരളത്തില്‍ പുകവലിക്കുന്നവര്‍ അവരുടെ വരുമാനത്തിന്‍്റെ ഒന്‍പതു ശതമാനം ഇതിനായി നീക്കിവയ്ക്കുന്നുവെന്നാണ് കണ്ടത്തെല്‍. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്‍്റെ നിര്‍ദ്ദശേപ്രകാരം നടത്തിയ ഗ്ളോബല്‍ അഡള്‍ട്ട് ടുബാക്കൊ  (ഗാറ്റ്സ്) സര്‍വെയുടെതാണ് കണ്ടത്തെല്‍ .സിഗററ്റ് വലിക്കുന്നയാള്‍ ശരാശരി 484 രൂപയും ബീഡി വലിക്കുന്നയാള്‍ ശരാശരി 139 രൂപയും പ്രതിമാസം ചെലവിടുന്നു. കേരളീയന്‍്റെ ആളോഹരി വരുമാനം 83,725 രൂപയാണ്. 2009-10ല്‍ ഒരു കേരളീയന്‍്റെ ആളോഹരി വരുമാനം 59,179 രൂപയായിരുന്നു. 1825 പേരില്‍നിന്നു നേരിട്ടു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് കണ്ടത്തെല്‍. കേരളത്തില്‍ പതിവായി പുകയില ഉപയോഗിക്കുന്നവരില്‍ 58.6 ശതമാനത്തിലും ഉപയോഗം രാവിലെ ഉറക്കമെണീറ്റ് അര മണിക്കൂറിനുള്ളിലാണ്. സംസ്ഥാനത്ത് പ്രായപൂര്‍ത്തിയായവരില്‍ 21.4 പേര്‍ ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ പുകവലിക്കാരുടെ ശരാശരി പ്രായം 17.8 വയസാണെങ്കില്‍ കേരളത്തില്‍ 18.3 വയസാണ്. പ്രായപൂര്‍ത്തിയായവരില്‍ 41.8 ശതമാനവും വീട്ടില്‍ സിഗററ്റ്-ബീഡി പുകയുടെ ശല്യത്തിന് ഇരയാണ്. പുരുഷന്മാരില്‍ ഇത് 47.2 ശതമാനവും സ്ത്രീകളില്‍ 36.8 ശതമാനവുമാണ്.

സൃഷ്ടിക്കുന്നത് കോടികളുടെ സാമ്പത്തിക ബാധ്യത
പുകയില ഉല്പന്നങ്ങള്‍ വാങ്ങാനും അവയുടെ ഉപയോഗത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതാക്കാനും ഇന്ത്യയില്‍ ചെലവഴിക്കപ്പെടുന്നത് കോടികളാണ്. പുകയില ഉല്‍പന്നങ്ങളുടെ വില്പനയില്‍നിന്നു ലഭിക്കുന്ന വരുമാനത്തെക്കാള്‍ വളരെ കൂടുതലാണിത്.പുകയില സൃഷ്ടിക്കുന്ന അനാരോഗ്യം അകറ്റാന്‍ ഇന്ത്യ പരോക്ഷമായി  ചെലവിടുന്നത് പ്രതിവര്‍ഷം 2500 കോടിയിലേറെയാണെന്ന്  കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 2000 കോടിയും പുകവലി മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതാക്കാനാണ്. രോഗ ചികിത്സയ്ക്കുള്ള ഭീമമായ കണക്കുകള്‍ ഇതില്‍ പെടുന്നില്ല. 2004-ല്‍ മാത്രം പുകവലി കാരണമുള്ള രോഗങ്ങള്‍ ചികിത്സിക്കാന്‍ ഇന്ത്യയില്‍ ചെലവിട്ടത് 4500 കോടി രൂപയാണ്. മറ്റ് പുകയില ഉല്പന്നങ്ങളുടെ ഉപയോഗത്തിലൂടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ വിനിയോഗിക്കുന്നത് അഞ്ഞൂറോളം കോടിയാണെന്ന്  ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് പീഡിയാട്രിക് ഓങ്കോളജിയിലെ പ്രബന്ധത്തില്‍ വിവരിക്കുന്നു.സാമ്പത്തിക ചെലവില്‍ നേരിട്ടുള്ള ചികിത്സാച്ചെലവ്, യാത്രാച്ചെലവ്, ആരോഗ്യപരിപാലകര്‍ക്കുള്ള ചെലവ്, ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴും ഒ.പിയില്‍ ചികിത്സയ്ക്കു പോകമ്പോഴും തൊഴില്‍ ചെയ്യാനാവാത്തതുമൂലമുള്ള വരുമാന നഷ്ടം എന്നിവ ഉള്‍പ്പെടുത്തിയുള്ള കണക്കിന്‍െറ അടിസ്ഥാനത്തിലായിരുന്നു വിലയിരുത്തല്‍.
പുകയില വ്യവസായത്തില്‍നിന്നുള്ള സാമ്പത്തികച്ചെലവുകള്‍ 2003-04 ല്‍ 900 കോടിയായിരുന്നു. എക്സൈസ് വരുമാനം 750 കോടി രൂപയും.  പാശ്ചാത്യരാജ്യങ്ങളില്‍ നികുതിവര്‍ദ്ധന വളരെ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ പുകവലിക്കുന്നവരില്‍ കൂടുതല്‍ പുരുഷന്മാരും ദരിദ്രരും സമൂഹത്തിന്‍്റെ താഴേയ്ക്കിടയിലുള്ളവരുമാണ്. 

രോഗങ്ങള്‍
 പുകയിലയില്‍ കാന്‍സറുണ്ടാക്കാന്‍ സാധ്യതയുള്ള  60 രാസപദാര്‍ഥങ്ങളാണുള്ളത്. പുകയിലയുടെ ഉപയോഗം വായിലും മോണയിലും കാന്‍സര്‍ ഉണ്ടാക്കുന്നു. തൈറോയിഡ് കാന്‍സറും  വര്‍ധിക്കുന്നുണ്ട്.  മൂത്രസഞ്ചി, വൃക്ക, പാന്‍ക്രിയാസ് എന്നിവയില്‍ ക്യാന്‍സറിനുള്ള പരോക്ഷ കാരണവും പുകയിലതന്നെ.  സിഗരറ്റിലെ  വിഷാംശമുള്ള രാസവസ്തുവായ ബെന്‍സ് പയറിന്‍ രക്തത്തില്‍ കലര്‍ന്ന് ശരീര കോശങ്ങളെ നശിപ്പിക്കുകയും എല്ലാ അവയവങ്ങളെയും ക്ഷയിപ്പിക്കുകയും ചെയ്യും.പുകയിലയുടെ പുക ശ്വസിക്കുന്നവര്‍ക്കും ഇത് രോഗം വരുത്തിവയ്ക്കുന്നു .പുകവലിക്കുന്ന സ്ഥലത്ത് മണിക്കൂറുകളോളം പുക തങ്ങിനില്‍ക്കുന്നു. ഒരു മുറിയില്‍ നിന്ന് മറ്റൊന്നിലേക്ക് പടരുന്നു. വീട്ടിലെ മറ്റു ഉപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍, തുണി, കര്‍ട്ടന്‍ തുടങ്ങിയവയിലെല്ലാം പുക തങ്ങിനില്‍ക്കുന്നു. ഇങ്ങനെ മാസങ്ങളോളം തങ്ങിനില്ക്കാനുള്ള കഴിവുണ്ട് ഈ പുകയ്ക്ക്. നിത്യേനേ പുകവലിക്കുമ്പോള്‍ ഇവയുടെ തോത് കൂടുന്നു. ഫലമോ വീട്ടിനുള്ളിലെ വായു വിഷപ്പുകയാല്‍ മലിനീകരിക്കപ്പെടുന്നു.ഇത്തരം വീടുകളിലെ കുട്ടികള്‍ക്ക് ശ്വാസകോശ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത മറ്റു കുട്ടികളെ അപേക്ഷിച്ച് നാലിരട്ടിയായിരിക്കും.പാസ്സീവ് സ്മോക്കിങ് മൂലം തലച്ചോറിലെ രക്തക്കുഴലുകള്‍ ചുരുങ്ങുന്നു. പ്രധാന ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും തളര്‍വാതം ഉണ്ടാവുകയും ചെയ്യന്നു. ഓര്‍മശക്തിയില്ലാതാവുകയും കൈകാല്‍ വിറയല്‍ തുടങ്ങി ധാരാളം പ്രശ്നങ്ങള്‍ക്കും ഇടവരുന്നു. 


നിയമം, 
ബോധവത്കരണം
പുകയില ഉല്പന്നങ്ങള്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന മുന്നറിയിപ്പ് സിഗററ്റ് പായ്ക്കറ്റുകളിലടക്കം രേഖപ്പെടുത്തുന്ന കാര്യത്തില്‍ അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങള്‍ അധികൃതര്‍ പാലിക്കുന്നില്ല.പാക്കറ്റില്‍ എളുപ്പം കാണാവുന്ന വശത്തിന്‍്റെ പകുതിയെങ്കിലും സചിത്ര മുന്നറിയിപ്പിനായി ഉപയോഗിക്കണമെന്ന വ്യവസ്ഥയാണ് ഇന്ത്യയില്‍ പാലിക്കാതിരിക്കുന്നത്. 2009ലാണ് ഇന്ത്യയില്‍ സചിത്ര മുന്നറിയിപ്പ് ആദ്യമായി ഏര്‍പ്പെടുത്തിയത്. 2011ലും ഇക്കാര്യം പുനരവലോകനം ചെയ്തു. പക്ഷേ ഇനിയും അതു ഫലപ്രദമായി നടപ്പാക്കിയിട്ടില്ല.ഇത്തരം മുന്നറിയിപ്പുകള്‍ ഫലപ്രദമാണെന്ന്  ആഗോളാടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.ആരോഗ്യപരമായ ഈ മുന്നറിയിപ്പു നല്‍കുന്ന കാര്യത്തില്‍ ഇന്ത്യ ലോകരാജ്യങ്ങളുടെ കൂട്ടത്തില്‍ 123-ാം സ്ഥാനത്താണെന്ന് കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുകയില മുന്നറിയിപ്പിന്‍്റെ അടിസ്ഥാനത്തില്‍ 198 രാജ്യങ്ങളെ തരം തിരിച്ചിരിക്കുന്ന സ്ഥിതിവിവര റിപ്പോര്‍ട്ടില്‍ ഓസ്ട്രേലിയയാണു മുന്നില്‍.  
സിഗരറ്റും പുകയില ഉല്‍പന്നങ്ങളും സംബന്ധിച്ച നിയമം 2003 ല്‍ പാസായിട്ടുണ്ടെങ്കിലും (കോറ്റ്്പ)  അത് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നു.  വിദ്യാലയ പരിസരങ്ങളിലെ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചത് നിയമത്തത്തെുടര്‍ന്നാണ്. എന്നിട്ടും പുകയില ഉല്‍പന്നങ്ങള്‍ സ്കൂള്‍ പരിസരങ്ങളില്‍ ഇന്നും രഹസ്യമായി വിറ്റഴിക്കപ്പെടുന്നുണ്ട്. സെക്ഷന്‍ 12 ല്‍ വിദ്യാലയ പരിസരങ്ങളില്‍ സബ് ഇന്‍സ്പെക്ടറില്‍ കുറയാത്ത റാങ്കുള്ളവര്‍ പരിശോധന നടത്തണമെന്ന് പറയുന്നു. ഈയിടെ സ്കൂളുകളില്‍ രൂപവത്കരിക്കപ്പെട്ട സ്റ്റുഡന്‍റ് കാഡറ്റുകള്‍ അഥവാ കുട്ടിപ്പോലീസിന്‍െറ പ്രയത്നഫലമായി ഏതാനും കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നതൊഴിച്ചാല്‍ പൊലീസിന്‍െറ ഭാഗത്തുനിന്ന് ക്രിയാത്മക നടപടിയുണ്ടാകുന്നില്ല.
സെക്ഷന്‍ 6( ബി)അനുസരിച്ച്  സിനിമകളിലും  വ്യാപാരകേന്ദ്രങ്ങളിലും പൊതുനിരത്തിലുമുള്ള പുകയില പരസ്യങ്ങള്‍  നിരോധിച്ചിട്ടുണ്ട്. ചാനലുകളിലും സിനിമകളിലുമുള്ള പരസ്യങ്ങളും  പുകവലിയും നിരോധിച്ചിട്ടുണ്ട്. 
പൊതുസ്ഥലത്ത് പുകയിലയുടെ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിയെങ്കിലും ഈ സ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയായവരില്‍ 18.7 ശതമാനവും പുകയേല്‍ക്കുന്നവരാണ്. ജോലിസ്ഥലത്ത് 21.5 ശതമാനം പുരുഷന്‍മാരും 3.7 ശതമാനം സ്ത്രീകളും മറ്റുള്ളവര്‍ വലിച്ചുവിടുന്ന പുകയുടെ ദൂഷ്യഫലം അനുഭവിക്കുന്നുണ്ടെന്ന് ഇതുസംബന്ധിച്ച ഒരു സന്നദ്ധ സംഘടന നടത്തിയ സര്‍വെ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. അതേസമയം  പുകവലിക്കുന്നവരില്‍ 70.6 ശതമാനത്തിനും  ശീലം ഉപേക്ഷിക്കണമെന്ന് ആഗ്രഹമുണ്ട്. 95 ശതമാനം പേര്‍ക്കും പുകവലിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും 91.9 ശതമാനത്തിന് പുകയില്ലാത്ത പുകയില സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അറിയാം. പ്രായപൂര്‍ത്തിയായ 92.6 പേര്‍ക്കും പുകവലിക്കാത്തവരില്‍ പുക സൃഷ്ടിക്കുന്ന ഗുരുതരമായ ദൂഷ്യങ്ങളെക്കുറിച്ച് കൃത്യമായ വിവരമുണ്ടെന്ന് സര്‍വേയില്‍ വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തില്‍ ദുരന്തം ഒഴിവാക്കാന്‍ പുകയിലയോടുള്ള അഭിനിവേശം ഇല്ലാതാക്കുകയേ നിവൃത്തിയുള്ളു. ഇതിനായി പുകയില ഉല്‍പന്നങ്ങളുടെ വില്‍പന സര്‍ക്കാര്‍ നിയമം മൂലം നിരോധിക്കുകയാണ് വേണ്ടത്.